തൃശൂർ: ജില്ലയിൽ മാട്ടിറച്ചിക്ഷാമം. അയൽസംസ്ഥാനങ്ങളിൽ ഗോവധനിരോധനവും നിയന്ത്രണങ്ങളും കർശനമാക്കിയതോടെയാണ് തൃശൂരിലെ വിപണിയിൽ ബീഫ് ക്ഷാമം അതിരൂക്ഷമായത്. വരുംദിവസങ്ങളിൽ വിപണി കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
വില 500 കടന്നു; കച്ചവടം പൂട്ടലിന്റെ വക്കിൽവരവ് കുറഞ്ഞതോടെ ജില്ലയിൽ മാട്ടിറച്ചിവില വർധിച്ചു. നിലവിൽ റീട്ടെയിൽ വിപണിയിൽ ഒരു കിലോ മാട്ടിറച്ചിക്ക് 500 രൂപ വരെയാണ് നിരക്ക്. ഹോൾസെയിൽ വിപണിയിൽ ഇത് 450 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരുമാസമായി സംസ്ഥാനത്തേക്ക് മാടുകളുടെ വരവ് നിലച്ചതാണ് ജില്ലയിലും ക്ഷാമം നേരിടാൻ ഇടയാക്കുന്നത്. ഇതോടെ കച്ചവടം വൻതോതിൽ കുറഞ്ഞു. പല കടകളും അടച്ചിടേണ്ട അവസ്ഥയിലേക്കു നീങ്ങുകയാണെന്നു വ്യാപാരികൾ പറഞ്ഞു.
വഴിയിലെ ഭയപ്പാട്; ലോഡുകൾ വരുന്നില്ല
കേരളത്തിൽ മാടുകളുടെ ഉത്പാദനം കുറവായതിനാൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്കു മാടുകളെ എത്തിച്ചിരുന്നത്. എന്നാൽ അയൽസംസ്ഥാനങ്ങളിൽ സാഹചര്യം കഠിനമാണ്. ചെക്ക്പോസ്റ്റുകളിലെ ഔദ്യോഗിക പരിശോധനകളെക്കാൾ വ്യാപാരികളെ ഭയപ്പെടുത്തുന്നതു വിജനമായ വഴികളിൽവച്ചുണ്ടാകുന്ന അതിക്രമങ്ങളാണ്. ഗോരക്ഷാപ്രവർത്തകരുടെ ലേബലിലാണ് പല അക്രമങ്ങളും.
മാടുകളുമായി വരുന്ന വാഹനങ്ങൾ വിജനമായ റോഡുകളിൽ തടഞ്ഞുനിർത്തി വണ്ടികൾ നശിപ്പിക്കുന്നതും ജീവനക്കാരെ തടയുന്നതും പതിവായിരിക്കുകയാണ്. ഒരു വാഹനം പിടിക്കപ്പെട്ടാൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്. ജീവനും സ്വത്തിനും ഭീഷണിയുള്ള സാഹചര്യത്തിൽ കടുത്ത ഭയം കാരണം ലോഡുകൾ എടുക്കാൻ ആരും തയാറാകുന്നില്ലെന്നു വ്യപാരികൾ പറയുന്നത്.
ആശ്വാസമായി കോഴിവിപണി
മാട്ടിറച്ചിവിപണി പ്രതിസന്ധിയിലായപ്പോൾ ചിക്കൻപ്രേമികൾക്ക് ആശ്വാസവാർത്തയുണ്ട്. കോഴിയിറച്ചിവിലയിൽ ജില്ലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം കിലോയ്ക്കു 148 രൂപയുണ്ടായിരുന്ന കോഴിവില ഇന്നലെ 141 രൂപയായി കുറഞ്ഞു.
സ്കൂളുകൾ തുറന്നതും വലിയ രീതിയിലുള്ള പ്രാദേശിക ആഘോഷങ്ങൾ ഇല്ലാത്തതുമാണ് കോഴിവിപണിയിലെ വിലക്കുറവിനു കാരണം. ഇന്ധനവിലവർധനവോ മറ്റു തടസങ്ങളോ കോഴിക്കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തിൽതന്നെ പലയിടങ്ങളിലും കോഴി ഉത്പാദനം ഉള്ളതുകൊണ്ടാണ് വിപണിയിൽ വില പിടിച്ചുനിർത്താൻ സാധിക്കുന്നതെന്നു കോഴിക്കച്ചവടക്കാർ പറഞ്ഞു.
പോർക്ക് വിപണി ശാന്തം
അതേസമയം, ജില്ലയിലെ പോർക്കിറച്ചി വിപണിയിൽ നിലവിൽ യാതൊരുവിധ പ്രതിസന്ധികളോ വിലവ്യതിയാനങ്ങളോ ഇല്ല. റീട്ടെയിൽ മാർക്കറ്റിൽ കിലോയ്ക്കു 380 രൂപയും ഹോൾസെയിലിൽ 330 രൂപയുമായി വില മാറ്റമില്ലാതെ തുടരുകയാണ്.